രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രണ്ട് പതിറ്റാണ്ടായി നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരം 'വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ' (VB-GRAM) എന്ന പേരിൽ പുതിയ നിയമം വരുന്നു. ജൂലൈ ഒന്നു മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം അറിയിച്ചു.
പദ്ധതി മാറുന്ന ഘട്ടത്തിൽ തൊഴിലാളികൾക്ക് ജോലി തടസ്സപ്പെടില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ജൂൺ 30 വരെയുള്ള ജോലികൾ പുതിയ പദ്ധതിയുടെ ഭാഗമായി മാറ്റും. നിലവിൽ ഇ-കെ.വൈസി പൂർത്തിയാക്കിയ ജോബ് കാർഡുകൾക്ക് പകരമായി പുതിയ 'ഗ്രാമീൺ റോസ്‌ഗാർ ഗ്യാരണ്ടി കാർഡുകൾ' ലഭിക്കുന്നത് വരെ പഴയവ ഉപയോഗിക്കാം. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഗ്രാമപഞ്ചായത്തുകൾ വഴി അപേക്ഷ നൽകാനുള്ള സൗകര്യം തുടരും.
ഗ്രാമപഞ്ചായത്തുകളെ വികസനത്തിന്റെ ചാലകശക്തികളാക്കി മാറ്റുന്നതിനൊപ്പം സുസ്ഥിരമായ ഉപജീവന മാർഗങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. കൂലി വിതരണം, ഫണ്ട് അനുവദിക്കൽ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച കരട് രൂപം ഉടൻ പുറത്തിറക്കും. സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Post a Comment