Sunday, May 24, 2026

പ്രഭാത വാർത്തകൾ


◾ വകുപ്പ് മന്ത്രിമാര്‍ അറിയാതെ ആറ് കളക്ടര്‍മാരുള്‍പ്പെടെ 15 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതു വിവാദമായി. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡല്‍ഹിയിലായിരിക്കേ, ഫോണില്‍ അറിയിച്ചാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചു. വ്യവസായ വകുപ്പു ഡയറക്ടര്‍, ജല അതോറിറ്റി എംഡി എന്നിവരുടെ നിയമനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ജനവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫും അറിഞ്ഞില്ല. റവന്യൂ മന്ത്രിയെ അറിയിക്കാതെയാണ് ആറു ജില്ലാ കളക്ടര്‍മാരെ മാറ്റാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ നിയമിച്ചതും വിവാദമായിട്ടുണ്ട്.


◾ ചീഫ് സെക്രട്ടറി നടത്തിയ വിവാദ സ്ഥലംമാറ്റ ഉത്തരവ് ഇങ്ങനെ: പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. കെ ഇമ്പശേഖര്‍ വാട്ടര്‍ അതോറിറ്റി എംഡിയാകും. കണ്ണൂര്‍ കളക്ടറായ അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹില്‍ കുമാര്‍ സിങിനെ എന്‍ട്രന്‍സ് കമ്മീഷണറായും നിയമിച്ചു. കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍മാരെ തിങ്കളാഴ്ച ചുമതലയേല്‍ക്കണമെന്ന നിര്‍ദേശത്തോടെ തിടുക്കത്തില്‍ മാറ്റിയിട്ടുണ്ട്.


◾ യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങള്‍ ഒരു ധാരണാപത്രത്തിന്റെ അന്തിമ ഘട്ടത്തിലാണ്' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഖായ് പറഞ്ഞു.

◾ പിണറായി സര്‍ക്കാര്‍ ഒപ്പിട്ട പിഎം ശ്രീ പദ്ധതി പ്രകാരം 93 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കേണ്ടിവരും. അധിക സീറ്റും താല്‍ക്കാലിക ബാച്ചുകളും ഉണ്ടാകും. പാഠപുസ്തക വിതരണം ഈ മാസം 29 നകം പൂര്‍ത്തിയാക്കും. മന്ത്രി പറഞ്ഞു.


◾ സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വിഡി സതീശന്റെ കാറിന് ഒന്നാം നമ്പരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേതിന് ഒമ്പതാം നമ്പറുമാണ്. രണ്ടാം നമ്പര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിനാണ്. മോന്‍സ് ജോസഫിന് മൂന്നും സണ്ണി ജോസഫിന് നാലും കെ മുരളീധരന് പതിനൊന്നും എപി അനില്‍കുമാറിന് ഏഴും നമ്പറുകള്‍ ലഭിച്ചു. പിസി വിഷ്ണുനാഥ്- 12, എം ലിജു- 18, റോജി എം ജോണ്‍- 16, ടി സിദ്ദീഖ്- 15, കെഎ തുളസി- 8, ബിന്ദു കൃഷ്ണ- 27, ഒജെ ജനീഷ് - 19, എന്‍ ഷംസുദ്ദീന്‍- 21, കെഎം ഷാജി- 13, പികെ ബഷീര്‍- 17, വിഇ അബ്ദുല്‍ ഗഫൂര്‍- 14, അനൂപ് ജേക്കബ്- 5, ഷിബു ബേബി ജോണ്‍ - 51, സിപി ജോണ്‍- 6 എന്നിങ്ങനെയാണ് അനുവദിച്ച വാഹന നമ്പറുകള്‍.


◾ നവകേരള യാത്രയില്‍ 'രക്ഷാപ്രവര്‍ത്തനം' നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാരാണെന്ന് ആരോപിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. അനില്‍, സന്ദീപ്, ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണു പ്രതികള്‍. വകുപ്പ് ചുമത്തിയിട്ടില്ല. അഞ്ചു പേര്‍ക്കുമെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും.


◾ ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വന്നേക്കും. എഡിജിപിയാണ് അട്ടിമറിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ എസ്ഐടിക്കു മൊഴി നല്‍കിയിരുന്നു. കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് മര്‍ദമേറ്റ ആലപ്പുഴ എംഎല്‍എ എഡി തോമസും അജയ് ജുവല്‍ കുര്യാക്കോസും ആവശ്യപ്പെട്ടു.


◾ മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ നാളെ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. എട്ടു കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ സാവകാശം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.


◾ ചീഫ് ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുവേണ്ടി കമ്മീഷന്‍ പക്ഷപാതപരമായ പ്രവര്‍ത്തിച്ചെന്ന എല്‍.ഡി.എഫ് ആരോപണം ശരിവയ്ക്കുന്ന നടപടിയാണിതെന്നും സിപിഎം കുറ്റപ്പെടുത്തി.


◾ മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് പി രാജീവ്. ബംഗാളില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ആയിരുന്നയാളെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നെന്നും പി രാജീവ് പറഞ്ഞു.


◾ 'കോക്രോച്ച് ജനത പാര്‍ട്ടി'യുടെ എക്സ് അക്കൗണ്ട് കേന്ദ്രസര്‍ക്കാര്‍ പൂട്ടിച്ചത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഈ കൂട്ടായ്മ വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളര്‍ന്നു വരുമോ എന്ന ഭയമാണ് ബിജെപിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


◾ ടിനി ടോമിനെതിരേ ടി അന്‍സിബ ഹസ്സന്‍ ഉന്നയിച്ച ആരോപണത്തിനു പിറകില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് താരസംഘടനയായ അമ്മയുടെ അധ്യക്ഷ ശ്വേത മേനോന്‍. അന്‍സിബയെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മാധ്യമങ്ങളോടു പറഞ്ഞ പരാതി അമ്മയ്ക്കു ലഭിച്ചത് ഉച്ചയ്ക്കുശേഷമാണ്. രാജിക്കത്തില്‍ ടിനി ടോമിനെതിരായ പരാതിയില്ല. മത സ്ഥാപനത്തെ സ്പോണ്‍സറാക്കിയതിനെ അന്‍സിബ എതിര്‍ത്തിരുന്നു. ശ്വേത മേനോന്‍ പറഞ്ഞു. 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെക്കാന്‍ കാരണം ടിനി ടോം ആണെന്നും തന്നെ 'ജിഹാദി' എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും, മറ്റ് പലരുമായും അവിഹിതമുണ്ടെന്ന് ആരോപിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും അന്‍സിബ നേരത്തെ വെളിപ്പെടുത്തിയിരുന്നു.


◾ പന്ത്രണ്ടു കോടി രൂപയുടെ വിഷു ബമ്പര്‍ ലോട്ടറി കരുനാഗപ്പള്ളി സ്വദേശിയും ലോട്ടറി കച്ചവടക്കാരനുമായ പൊന്നന്. സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് പൊന്നന്‍. പൊന്നനും ഭാര്യ രാധാമണിയും മകന്‍ വിനോദ് കുമാറും ലോട്ടറിക്കച്ചവടക്കാരാണ്. കൊറോണ സമയത്താണ് ലോട്ടറിക്കച്ചവടം തുടങ്ങിയത്.


◾ അനധികൃത മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസിനെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മുത്താട്ട് വീട്ടില്‍ റാസിഖാണ് (29) അറസ്റ്റിലായത്. തിരൂര്‍ സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്നുപേരെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണു കേസ്.


◾ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുകയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്. സുനില്‍കുമാറിനെതിരെയാണ് നടപടി സ്വീകരിച്ചത്.


◾ ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് ഗ്യാസ് ചോര്‍ത്തി നിറച്ചു വില്‍ക്കുന്ന കേന്ദ്രത്തില്‍ തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന. ചിറയിന്‍കീഴ് പട്ടളയില്‍ സൂപ്പര്‍ ഗ്യാസ് എന്ന ഗോഡൗണില്‍നിന്ന് ചോര്‍ത്താനും നിറയ്ക്കാനുമുള്ള ഉപകരണങ്ങളും 261 സിലിണ്ടറുകളും പിടിച്ചെടുത്തു.


◾ കൊല്ലം കടയ്ക്കലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്നു പൊലീസ്. അഞ്ചുമുക്ക് സ്വദേശി സുഗതന്‍, ഭാര്യ ലത എന്നിവരാണു മരിച്ചത്. 


◾ കൗണ്‍സിലിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റില്‍. കൊല്ലം മയ്യനാട് സ്വദേശി (69) സന്തോഷ് സുകുമാരനാണ് അറസ്റ്റിലായത്.


◾ കോഴിക്കോട് പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ചികിത്സയിലിരുന്ന ഭര്‍ത്താവും മരിച്ചു. മരിച്ച സോനയുടെ ഭര്‍ത്താവ് രജിന്‍ലാലാണ് ചികിത്സയിലിരിക്കെ മരിച്ചത്.


◾ കേരള കലാമണ്ഡലം അധ്യാപകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹരി ആര്‍ നായരെ(45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കന്‍ കളരി അധ്യാപകനാണ്.


◾ യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് പുതിയകാവ് 'ആര്‍ഷ അഷിത'ഭവനത്തില്‍ ആര്‍ഷയും ഏകമകള്‍ റൂഹിയുമാണ് മരിച്ചത്. ആര്‍ഷയ്ക്ക് 35 വയസ്സായിരുന്നു.


◾ പഞ്ചാബിലെ കപൂര്‍ത്തല ജയിലില്‍ തടവുകാര്‍ തമ്മില്‍ കൂട്ടത്തല്ലും തീവയ്പും. രാത്രി എട്ടരയോടെയാണ് ജയില്‍ വളപ്പു യുദ്ധക്കളമായത്. ജയിലിലെ ഒരു തടവുകാരനുമായി ഉണ്ടായ നിസ്സാരമായ തര്‍ക്കമാണ് പിന്നീട് തടവുകാരും വിചാരണ തടവുകാരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. തടവുകാര്‍ ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍തകര്‍ത്തു. നാലാം നമ്പര്‍ ബാരക്കിന്റെ ഭിത്തികള്‍ തടവുകാര്‍ ഇടിച്ചു നിരത്തി. ജയിലിന്റെ ഒരു ഭാഗത്തിന് തീയിടാന്‍ ശ്രമിക്കുകയും ചെയ്തു.


◾ കോക്റോച്ച് ജനത പാര്‍ട്ടിയുടെ വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചെന്ന് സ്ഥാപകന്‍ അഭിജിത് ദിപ്കെ. ഇതോടെ തങ്ങളുടെ പ്രധാന ആശയവിനിമയ മാര്‍ഗ്ഗങ്ങളും രാഷ്ട്രീയ ക്യാമ്പെയിനുകളും തടസ്സപ്പെടുകയും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വഴിമുട്ടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. പത്തു ലക്ഷം പേര്‍ അംഗങ്ങളായി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.


◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വൈറ്റ് ഹൗസിലേക്കു ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ 'സേവാ തീര്‍ത്ഥ്' ഹാളില്‍ നടന്ന അതീവ പ്രാധാന്യമുള്ള കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലധികം ചര്‍ച്ച നടത്തി.


◾ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ സുലൂര്‍ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായ പത്തുവയസ്സുകാരിയെ കണ്ണമ്പാളയം തടാകത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തിക്, മോഹന്‍ രാജ് എന്നിവരടങ്ങുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.


◾ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന് വന്‍ തിരിച്ചടി. സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിശ്ചിത സ്ഥാനത്ത് പതുക്കെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റോക്കറ്റിന് പെട്ടെന്ന് തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ സ്ഫോടനത്തോടെ തകരുകയുമായിരുന്നു.


◾ ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍. യാതൊരു കാരണവശാലും ഹിസ്ബുള്ളയെ കൈവിടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.


◾ മക്കയില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ഥാടകരും ഇതിനകം മക്കയില്‍ എത്തി. തീര്‍ഥാടകരെ 17 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 34 ദിവസം നീണ്ടുനിന്ന വ്യോമ സര്‍വീസിലൂടെയാണ് മക്ക, ജിദ്ദ വഴി പുണ്യഭൂമിയില്‍ എത്തിച്ചത്.


◾ കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പത്തനംതിട്ടയെ തകര്‍ത്ത് തെക്കന്‍ മേഖലയിലെ ഒന്നാം സ്ഥാനക്കാരായി തിരുവനന്തപുരം. പത്തനംതിട്ടയെ അഞ്ച് വിക്കറ്റിനാണ് തിരുവനന്തപുരം തോല്‍പ്പിച്ചത്. ആലപ്പുഴയും കോട്ടയവും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം പൂര്‍ത്തിയാക്കാനായില്ല. നാല് മത്സരങ്ങളും ജയിച്ച് 16 പോയിന്റുകളുമായി തിരുവനന്തപുരം ഒന്നാമതെത്തിയപ്പോള്‍, പത്ത് പോയിന്റോടെ ആലപ്പുഴ രണ്ടാം സ്ഥാനത്തെത്തി.


◾ ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി പഞ്ചാബ് കിംഗ്‌സ്. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നേടിയ സെഞ്ചുറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. 44 പന്തില്‍ 72 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സിക്‌സറടിച്ചാണ് ശ്രേയസ് അയ്യര്‍ സെഞ്ചുറിയും വിജയവും പൂര്‍ത്തിയാക്കിയത്.


◾ സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറി. റഷ്യയും യുഎഇയുമാണ് വെനസ്വേലയ്ക്ക് മുന്നിലുള്ളത്. മെയ് മാസത്തില്‍ മാത്രം പ്രതിദിനം 4,17,000 ബാരല്‍ എണ്ണയാണ് വെനസ്വേല ഇന്ത്യയിലെത്തിച്ചത്. ഏപ്രിലില്‍ ഇത് 2,83,000 ബാരല്‍ ആയിരുന്നു. മറ്റ് വിപണികളെ അപേക്ഷിച്ച് വെനസ്വേലയില്‍ നിന്നുള്ള എണ്ണയ്ക്ക് വില കുറവാണ്. മെയ് മാസത്തില്‍ ഇറാനില്‍ നിന്ന് ഒരു കപ്പലും ഇന്ത്യയിലെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ 9,69,000 ബാരല്‍ ഉണ്ടായിരുന്ന ഇറാഖി എണ്ണ വരവ് മെയ് മാസത്തില്‍ 51,000 ബാരലായി വന്‍തോതില്‍ കുറഞ്ഞു. എണ്ണവില അമിതമായി വര്‍ധിപ്പിച്ചത് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി. ഏപ്രിലില്‍ 6,70,000 ബാരല്‍ ആയിരുന്ന സൗദി എണ്ണ ഇറക്കുമതി മെയ് മാസത്തില്‍ 3,40,000 ബാരലായി പകുതിയായി കുറഞ്ഞു. മെയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ഏപ്രിലിനെ അപേക്ഷിച്ച് 8% വര്‍ധിച്ച് പ്രതിദിനം 4.9 ദശലക്ഷം ബാരലിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇറാന്‍ യുദ്ധത്തിന് മുന്‍പ് ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന 5.2 ദശലക്ഷം ബാരല്‍ എന്ന നിലയിലേക്ക് ഇത് എത്തിയിട്ടില്ല.

Post a Comment

Whatsapp Button works on Mobile Device only