കോഴിക്കോട്: നാല് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ വലിയങ്ങാടിയിലെ പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾക്ക് കോഴിക്കോട് കോർപ്പറേഷൻ തുടക്കം കുറിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ, അപകടസമയത്ത് തകർന്നുവീണ സൺഷെയ്ഡിന്റെ ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി.
കഴിഞ്ഞ ഫെബ്രുവരി 23-നാണ് വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാല് പേർ മരിച്ചത്. അപകടത്തിന് പിന്നാലെ കെട്ടിടം പൂട്ടി സീൽ ചെയ്തിരുന്നു. എന്നാൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ആറ് ഗോഡൗണുകളിലായി പഞ്ചസാര, ഭക്ഷ്യധാന്യങ്ങൾ, ബേക്കറി നിർമ്മാണത്തിനുള്ള പൊടികൾ എന്നിവ വൻതോതിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. സൺഷെയ്ഡിന്റെ അവശേഷിക്കുന്ന ഭാഗം ഏതുനിമിഷവും തകർന്നു വീഴാവുന്നത് ചരക്കുകൾ പുറത്തെടുക്കുന്നതിന് തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് സൺഷെയ്ഡ് പൂർണ്ണമായും പൊളിച്ചുനീക്കാൻ അധികൃതർ തീരുമാനിച്ചത്.
ഗോഡൗണുകളിലെ ചരക്ക് മാറ്റിയാലുടൻ ലൈസൻസികളെ ഒഴിപ്പിക്കുകയും കെട്ടിടം പൂർണ്ണമായും സീൽ ചെയ്യുകയും ചെയ്യും. ഇതിനുശേഷം കെട്ടിടം പൊളിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി കൗൺസിലിന്റെ അംഗീകാരത്തോടെ കെട്ടിടം പൂർണ്ണമായും പൊളിച്ചുനീക്കാനാണ് കോർപ്പറേഷന്റെ നീക്കം.
കോർപ്പറേഷൻ ജോയിന്റ് സെക്രട്ടറി പി. സോമശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ഫയർഫോഴ്സും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് നടപടികൾ നിയന്ത്രിക്കുന്നത്. സൂപ്രണ്ടിങ് എൻജിനിയർ ബിജോയ്, അസി. എൻജിനിയർ ഡിറ്റോ ദാസ്, സൂപ്പർവൈസർ എം.എൽ. റിച്ചാർഡ്, റവന്യൂ ഇൻസ്പെക്ടർ ലിനീഷ് ബാബു എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Post a Comment