വാഹനത്തിലെ ചന്ദനത്തിരി അണയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ പെട്രോൾ പമ്പ് ജീവനക്കാരിയെ ഓട്ടോഡ്രൈവർ മർദിച്ചു.
പേരാമ്പ്ര മൂരികുത്തിയിലെ പ്രോമിസ് ഫ്യൂവൽസിൽ ജോലി ചെയ്യുന്ന ഉഷ (48)നാണ് പരിക്കേറ്റത്. മാർച്ച് 19ന് രാവിലെ 7.30ഓടെ ഓട്ടോറിക്ഷയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സംഭവം.
വാഹനത്തിൽ കത്തിച്ചിരുന്ന ചന്ദനത്തിരി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരി ഡ്രൈവറോട് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വാക്കേറ്റമുണ്ടായി. തുടർന്ന് ഡ്രൈവർ ഡീസൽ ടാങ്കിന്റെ മൂടി ഉപയോഗിച്ച് തലയിൽ അടിച്ചതായാണ് പരാതി.
പരിക്കേറ്റ ഉഷയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment