കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം യാഥാർത്ഥ്യമായി. പദ്ധതിയിലെ ആദ്യ 178 വീടുകളുടെ താക്കോൽ കൈമാറ്റവും ടൗൺഷിപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും ഇതോടൊപ്പം നടന്നു. കൽപ്പറ്റ ബൈപ്പാസ് റോഡിന് സമീപം ഒരുങ്ങിയ ടൗൺഷിപ്പിൽ അതിവൈകാരികമായ നിമിഷങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്.
സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ വെറും കല്ലിടലിൽ ഒതുങ്ങില്ലെന്നും അത് വീടുകളായി അർഹരുടെ കൈകളിൽ എത്തുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ദുരന്തബാധിതരെ നേരിൽ കണ്ട നിമിഷങ്ങൾ ഹൃദയഭേദകമായിരുന്നുവെന്നും എന്ത് പ്രതിസന്ധിയുണ്ടായാലും പുനരധിവാസം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ജൂലൈ 30-ലെ മഹാദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായാണ് 299 കോടി രൂപ ചെലവിൽ ഈ ആധുനിക ടൗൺഷിപ്പ് നിർമ്മിക്കുന്നത്. കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് സർക്കാർ ഏറ്റെടുത്ത 64.40 ഹെക്ടർ ഭൂമിയിലാണ് പ്രകൃതിസൗഹൃദമായ വീടുകൾ ഒരുങ്ങുന്നത്. ആകെ 410 വീടുകളാണ് പദ്ധതിയിലുള്ളത്. ഇതിൽ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് 1500-ലധികം തൊഴിലാളികളുടെയും വിദഗ്ധ എൻജിനീയർമാരുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നിർമ്മാണം. 402 കുടുംബങ്ങളിലെ 1662 പേർക്ക് ഈ ടൗൺഷിപ്പ് തണലാകും.

Post a Comment