Wednesday, February 25, 2026

ജനസേവനം ലക്ഷ്യബോധത്തോടെയാവണം: അഡ്വ. കെ. പ്രവീൺ കുമാർ

കടിയങ്ങാട്: രാഷ്ട്രീയ പ്രവർത്തനം ജനസേവനമാണെന്നും അത് കൃത്യമായ ലക്ഷ്യബോധത്തോടെ വേണം നിർവഹിക്കാനെന്നും സഹപ്രവർത്തകരെ എപ്പോഴും ഓർമ്മിപ്പിച്ചിരുന്ന നേതാവായിരുന്നു അഡ്വ. പി. ശങ്കരനെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. മുൻ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയും എം.പി.യും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. പി. ശങ്കരന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​ജനനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന പ്രവർത്തനമായിരിക്കണം ഓരോ കോൺഗ്രസ് പ്രവർത്തകനും ചെയ്യേണ്ടതെന്ന് അദ്ദേഹം എന്നും ഓർമ്മിപ്പിച്ചിരുന്നു. സംഘടനാശക്തി വർദ്ധിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനും അവ ജനമധ്യത്തിൽ എത്തിക്കാനും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി വികസനവും നീതിയും ഉറപ്പാക്കാനും കോൺഗ്രസുകാർ മുന്നിലുണ്ടാകണം. പാർട്ടിയുടെ അടിത്തറ ബലപ്പെടുത്തി മുന്നോട്ട് പോകേണ്ട കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​രാവിലെ കടിയങ്ങാട് വസതിയിലെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ കെ. ബാലനാരായണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്ത്, ബ്ലോക്ക് മെമ്പർ രാജൻ മരുതേരി, ചങ്ങാരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനന്ദ്, കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ, സത്യൻ കടിയങ്ങാട്, കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു.

​പഞ്ചായത്ത് മെമ്പർമാരായ ഇ.ടി. സത്യൻ, ശ്രീധര കുറുപ്പ്, പി.കെ. രാഗേഷ്, ഇ.വി. രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ഇബ്രായി മാസ്റ്റർ സ്വാഗതവും ഷാജു പൊൻപറ നന്ദിയും പറഞ്ഞു.



Post a Comment

Whatsapp Button works on Mobile Device only