രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫോണിലേക്ക് എത്തുന്ന അനാവശ്യ കോളുകളും സ്പാം സന്ദേശങ്ങളും പലർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വിളികളും പരസ്യ സന്ദേശങ്ങളും തട്ടിപ്പ് ശ്രമങ്ങളും സ്വകാര്യതക്കും മാനസിക ശാന്തിക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമായ ബ്ലോക്ക് സൗകര്യം കൂടുതൽ പ്രാധാന്യമാർജിക്കുന്നത്.
അനാവശ്യമായി സന്ദേശമയക്കുന്നവരെയോ വിളിക്കുന്നവരെയോ വാട്ട്‌സ്ആപ്പിൽ വളരെ ലളിതമായി ബ്ലോക്ക് ചെയ്യാം. ഇതിനായി രണ്ട് പ്രധാന മാർഗങ്ങളാണ് ലഭ്യമുള്ളത്.
📢ചാറ്റ് വിൻഡോയിലൂടെ ബ്ലോക്ക് ചെയ്യാം
സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് സന്ദേശം ലഭിച്ചാൽ ചാറ്റ് തുറക്കുന്ന മുറയ്ക്ക് തന്നെ മുകളിലായി ‘Block’ അല്ലെങ്കിൽ ‘Report & Block’ എന്ന ഓപ്ഷനുകൾ കാണാം. ‘Block’ തിരഞ്ഞെടുക്കുന്നതോടെ ആ നമ്പറിൽ നിന്ന് ഇനി സന്ദേശങ്ങളോ കോളുകളോ ലഭിക്കില്ല.
കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ള ഒരാളെ ബ്ലോക്ക് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ, ബന്ധപ്പെട്ട വ്യക്തിയുടെ ചാറ്റ് തുറന്ന് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ‘More’ എന്നതിലേക്ക് പോയി ‘Block’ തിരഞ്ഞെടുക്കുക. സ്ഥിരീകരിച്ചാൽ ബ്ലോക്കിംഗ് പൂർത്തിയാകും.
📢സെറ്റിംഗ്സ് വഴി നിയന്ത്രണം
വാട്ട്‌സ്ആപ്പിലെ ‘Settings’ തുറന്ന് ‘Privacy’ വിഭാഗത്തിലേക്ക് പ്രവേശിക്കാം. അവിടെ ‘Blocked contacts’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിലവിൽ ബ്ലോക്ക് ചെയ്തിരിക്കുന്ന നമ്പറുകളുടെ പട്ടിക കാണാം. മുകളിലുള്ള ‘+’ ഐക്കൺ ഉപയോഗിച്ച് കോൺടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള മറ്റ് നമ്പറുകളും ബ്ലോക്ക് ലിസ്റ്റിലേക്ക് ചേർക്കാം.
📢ബ്ലോക്ക് ചെയ്താൽ എന്ത് മാറ്റം?
ഒരാളെ ബ്ലോക്ക് ചെയ്താൽ, ആ വ്യക്തിക്ക് ഇനി സന്ദേശം അയക്കാനോ വോയ്സ്/വീഡിയോ കോളുകൾ ചെയ്യാനോ സാധിക്കില്ല. കൂടാതെ നിങ്ങളുടെ പ്രൊഫൈൽ ചിത്രം, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ തുടങ്ങിയ വിവരങ്ങളും അവർക്കു ദൃശ്യമാകില്ല.
📢അൺബ്ലോക്ക് ചെയ്യാം
ബ്ലോക്ക് ചെയ്ത നമ്പർ പിന്നീട് അൺബ്ലോക്ക് ചെയ്യേണ്ടതുണ്ടെങ്കിൽ, ‘Blocked contacts’ ലിസ്റ്റിൽ നിന്ന് ആ നമ്പർ തിരഞ്ഞെടുക്കുകയും ‘Unblock’ ഓപ്ഷൻ ഉപയോഗിക്കുകയും ചെയ്താൽ മതിയാകും.
സ്വകാര്യത സംരക്ഷിക്കാനും സ്പാം ശല്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദ്ദേശിക്കുന്നു

Post a Comment