ആശാ വർക്കർ പി.എം. സുലഭയെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പേരാമ്പ്രയിൽ പ്രതിഷേധം ശക്തമാകുന്നു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നാളെ (ബുധനാഴ്ച) രാവിലെ 10.30-ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
പേരാമ്പ്ര ബസ്റ്റാൻഡ് സമീപത്തെ സിഐടിയു ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് പട്ടണത്തിലൂടെ പഞ്ചായത്ത് ഓഫീസിലെത്തും. ആശാ വർക്കേഴ്‌സ് ഓൾ ഇന്ത്യ പ്രസിഡന്റ് പി.പി. പ്രേമ മാർച്ച് ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു നേതാവ് കെ. സുനിൽ , മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് തുടങ്ങിയവർ സംസാരിക്കും . ആശാ വർക്കർമാർക്കൊപ്പം വിവിധ തൊഴിലാളി-ഇടതുപക്ഷ സംഘടനകളുടെ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവെച്ചെന്നാരോപിച്ചാണ് പി.എം. സുലഭയെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ജൂലൈ 27-ന് നടന്ന സംഭവത്തിലും ജൂലൈ 28-ലെ സമരത്തിന് നേതൃത്വം നൽകിയതിലുമുള്ള ഉത്തരവാദിത്തം ചൂണ്ടിക്കാട്ടിയാണ് നടപടി. സമരത്തിൽ പങ്കെടുത്ത മറ്റ് ഏഴ് ആശാ വർക്കർമാർക്ക് താക്കീത് നൽകുകയും മെഡിക്കൽ ഓഫീസർ വിളിച്ചുചേരുന്ന യോഗത്തിൽ ഹാജരായി ക്ഷമാപണം നടത്തണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പ്രസിഡന്റിനെ തടഞ്ഞുവെച്ചെന്ന ആരോപണം പി.എം. സുലഭയും സമരത്തെ പിന്തുണച്ച ഇടതുപക്ഷ നേതൃത്വവും നിഷേധിച്ചിട്ടുണ്ട്. സസ്പെൻഷൻ തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങൾക്കെതിരായ നടപടിയാണെന്നും പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നുമാണ് യൂണിയന്റെ നിലപാട്.
പ്രതിഷേധ മാർച്ചിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ പേരാമ്പ്രയിൽ വലിയ പോലീസ് സന്നാഹം വിന്യസിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. സസ്പെൻഷൻ നടപടിയെ ചൊല്ലിയുള്ള വിവാദം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

Post a Comment