ആശാ വർക്കർ പി.എം. സുലഭയെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പട്ടണത്തിലൂടെ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ആശാ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യപരമായ സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും പി.പി. പ്രേമ ആവശ്യപ്പെട്ടു. തൊഴിലാളികളെ മാപ്പ് പറയിക്കാൻ നിർബന്ധിക്കുന്ന നടപടി ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും അവർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വിമർശനമുന്നയിച്ചുകൊണ്ട്, ഭരണച്ചുമതല നിർവഹിക്കുന്നവർ പഞ്ചായത്ത് രാജ് നിയമങ്ങൾ കൃത്യമായി പഠിച്ച ശേഷമാണ് തീരുമാനങ്ങളെടുക്കേണ്ടതെന്ന് നേതാക്കൾ പറഞ്ഞു. ഭരണകസേരയിൽ ഇരിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും മനസ്സിലാക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും, അതിന് ആവശ്യമെങ്കിൽ കുറച്ചുദിവസം സമയം എടുത്ത് പഠിച്ച് ശേഷം ഭരണം നിർവഹിക്കാൻ തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റിന്റെ ചുറ്റും നിൽക്കുന്ന ചിലരുടെ സ്വാധീനത്തിലാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നതെന്ന വിമർശനവും നേതാക്കൾ ഉന്നയിച്ചു. പ്രസിഡന്റിനെ മറ്റുള്ളവർ നിയന്ത്രിക്കുന്ന "റിമോട്ട് സ്റ്റാൻഡ്" ആയി മാറരുതെന്നും, ചുറ്റുമുള്ളവരുടെ ഇടപെടൽ പ്രസിഡന്റിനോടുള്ള സ്നേഹത്തിന്റെ പേരിലല്ല, മറിച്ച് തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കാനാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും പ്രസംഗത്തിൽ അവർ പറഞ്ഞു.
ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചെന്ന ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന് തെളിവ് ഹാജരാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തൊഴിലാളികളെ ലക്ഷ്യമിട്ട് നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഈ നടപടികൾ പിൻവലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനിൽ മുന്നറിയിപ്പ് നൽകി.
ജൂലൈ 27-ന് പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവെച്ചെന്നാരോപിച്ചും ജൂലൈ 28-ലെ സമരത്തിന് നേതൃത്വം നൽകിയെന്നുമാണ് പി.എം. സുലഭയെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സമരത്തിൽ പങ്കെടുത്ത മറ്റ് ഏഴ് ആശാ വർക്കർമാർക്ക് താക്കീത് നൽകുകയും മെഡിക്കൽ ഓഫീസർ വിളിച്ചുചേരുന്ന യോഗത്തിൽ ഹാജരായി ക്ഷമാപണം നടത്തണമെന്നും നിർദേശിച്ചിരുന്നു. പ്രസിഡന്റിനെ തടഞ്ഞുവെച്ചെന്ന ആരോപണം പി.എം. സുലഭയും സമരത്തെ പിന്തുണച്ച നേതാക്കളും നിഷേധിച്ചിട്ടുണ്ട്.
ആശാ വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റ് പ്രസീത പി.എം. അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ. സുനിൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, ജില്ലാ പ്രസിഡന്റ് ശ്രീജ, ആശ, പ്രഭാശങ്കർ, എൻ.പി. ബാബു, കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ഷീന ടി.പി. സ്വാഗതം പറഞ്ഞു.

Post a Comment