ടെലിഗ്രാം പ്ലാറ്റ്‌ഫോം വഴി വ്യാപകമായി നടക്കുന്ന പൈറസിക്കെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. സിനിമകളും ഒ.ടി.ടി കണ്ടന്റുകളും ഉൾപ്പെടെയുള്ള പകർപ്പവകാശമുള്ള ദൃശ്യ-ശ്രവ്യ വിഭവങ്ങൾ ടെലിഗ്രാം വഴി പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നൽകി.
പൈറസി തടയാൻ പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും, സർക്കാർ ഓരോ ചാനലുകളായി ചൂണ്ടിക്കാട്ടി നൽകുന്ന പരാതികൾക്ക് കാത്തുനിൽക്കാതെ സ്വയം നടപടിയെടുക്കാൻ തയ്യാറാവണമെന്നും മന്ത്രാലയം വ്യക്തമാക്കി. 15 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്.
സർക്കാർ നൽകുന്ന പരാതികളിൽ മാത്രം നടപടിയെടുക്കുന്ന രീതി മതിയെന്ന് കരുതുന്നത് തെറ്റാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഐ.ടി നിയമം (2000), ഐ.ടി ചട്ടങ്ങൾ (2021) എന്നിവ പ്രകാരം ഒരു മധ്യസ്ഥ പ്ലാറ്റ്‌ഫോംഎന്ന നിലയിൽ ടെലിഗ്രാമിന് ബാധ്യതകളുണ്ട്. ‘ഡ്യൂ ഡിലിജൻസ്’ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്.
പകർപ്പവകാശ ലംഘനം വെറും സിവിൽ കേസല്ല, മറിച്ച് 1957ലെ പകർപ്പവകാശ നിയമവും 1952ലെ സിനിമാറ്റോഗ്രാഫ് നിയമവും പ്രകാരം ക്രിമിനൽ കുറ്റമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുൻകരുതലായി ടെലിഗ്രാമിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, പരാതി പരിഹാര സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്നും സർക്കാർ ടെലഗ്രാമിനോട് ആരാഞ്ഞിട്ടുണ്ട്.
മെറ്റക്കെതിരെയും സർക്കാർ അടുത്തിടെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. വാട്‌സ്ആപ്പിലെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ടും, ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നും മെറ്റയെ വിളിച്ചുവരുത്താൻ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, ടെലഗ്രാം, സിഗ്‌നൽ എന്നിവയ്‌ക്ക് നിലവിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പ്രത്യേക നോട്ടീസും നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ സിനിമാ മേഖല, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, ബ്രോഡ്കാസ്റ്റർമാർ, മറ്റ് ഉള്ളടക്ക നിർമ്മാതാക്കൾ എന്നിവരുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിർദ്ദേശങ്ങൾ അവഗണിക്കുകയോ മറുപടി നൽകുന്നതിൽ കാലതാമസം വരുത്തുകയോ ചെയ്താൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Post a Comment