Monday, November 24, 2025

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കൊടുവള്ളി സ്വദേശി യുവാവ് പിടിയിൽ



ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. 


വാളേരി അഞ്ചാം പീടിക സ്വദേശിയെ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ലോൺ ലഭിക്കുന്നതിന് മുൻകൂറായി രണ്ട് ഇഎംഐ തുകയായ 18666/ രൂപ ആവശ്യപ്പെടുകയും കഴിഞ്ഞ മെയ് മാസം 22-ാം തീയ്യതി ഗൂഗിൾ പേ വഴി പണം വാങ്ങിച്ചെടുക്കുകയുമായിരുന്നു. ലോൺ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ് പോലീസിൽ പരാതി നൽകുകയായിരുന്നു. 


കോഴിക്കോട് കൊടുവള്ളി തരിപ്പൊയിൽ വീട് മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു സൈബർ കേസിൽപെട്ട് റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷൻ വാറണ്ട് പ്രകാരം വയനാട് സൈബർ പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി.

കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ ഡിസംബർ നാല് വരെ റിമാൻഡ് ചെയ്തു. അതിരപ്പള്ളി, കാസർഗോഡ്, തിരുവനന്തപുരം സൈബർ, കക്കൂർ, കമ്പളക്കാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ജസീം സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 


ഇത്തരത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


Post a Comment

Whatsapp Button works on Mobile Device only