രാജ്യത്തെ പുകവലിക്കാര്‍ക്ക് തിരിച്ചടിയായി സിഗരറ്റ് വില വീണ്ടും ഉയരാന്‍ സാധ്യത. പ്രമുഖ നിര്‍മാതാക്കളായ ഐടിസിയും ഗോഡ്‌ഫ്രെ ഫിലിപ്‌സും തങ്ങളുടെ വിവിധ ബ്രാന്‍ഡുകള്‍ക്ക് 17 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 മെയ് മാസം മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കും. ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് സിഗരറ്റ് വില നേരത്തെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ദ്ധനവ് പരിഗണിക്കുന്നത്.
പ്രധാന ബ്രാന്‍ഡുകളില്‍ വിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് സൂചന. ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയം ഒരു പാക്കറ്റിന് നിലവിലുള്ള 115 രൂപയില്‍ നിന്ന് 135 രൂപയായി ഉയര്‍ന്നേക്കും. കിംഗ് സൈസ് സിഗരറ്റുകളുടെ വിലയും ഒരു സിഗരറ്റിന് 20 രൂപയില്‍ നിന്ന് 25 മുതല്‍ 28 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ട്. പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് പുറമെ സാധാരണ ബ്രാന്‍ഡുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാകും.
ഫെബ്രുവരി ഒന്നാം തീയതി മുതല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവ് വന്നതോടെ കമ്പനികള്‍ വില കൂട്ടിയിരുന്നു. ഇതിന്റെ പിന്നാലെ സിഗരറ്റ് വില്‍പനയില്‍ ഇടിവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം വില്‍പനയില്‍ ഏകദേശം 20 ശതമാനം കുറവ് രേഖപ്പെടുത്തി.
ഐടിസിയുടെ ക്ലാസിക്, ഗോള്‍ഡ് ഫ്‌ലേക്ക് കിംഗ്‌സ്, ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ മാര്‍ല്‍ബോറോ പോലുള്ള പ്രീമിയം ബ്രാന്‍ഡുകളിലാണ് വില്‍പന കുറവ് കൂടുതലായി ബാധിച്ചത്. കിംഗ് സൈസ് വിഭാഗം കമ്പനികളുടെ വരുമാനത്തില്‍ 30 ശതമാനത്തിലധികം പങ്കുവഹിക്കുന്നതിനാല്‍ ഈ ഇടിവ് ലാഭത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
വില കൂടിയതോടെ ചില സ്ഥിരം പുകവലിക്കാര്‍ കുറഞ്ഞ വിലയുള്ള ബ്രാന്‍ഡുകളിലേക്ക് മാറുന്നതായും വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Post a Comment