Wednesday, April 29, 2026

ഉഷ്ണതരംഗം: ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു


 

കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനിലയും അന്തരീക്ഷ ഈര്‍പ്പവും കാരണം അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും അതിജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.


ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജോലിയില്‍ ഉള്‍പ്പെടെ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കാനും തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവക്ക് നിര്‍ദേശം നല്‍കി. തൊഴിലിടങ്ങളില്‍ കുടിവെള്ളവും വായുസഞ്ചാരവും ശൗചാലയ സൗകര്യങ്ങളും ഉറപ്പാക്കുക, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുക, വിശ്രമിക്കാന്‍ തണലുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുക, വിദ്യാര്‍ഥികള്‍ക്കുള്ള അവധിക്കാല ക്ലാസുകളും ക്യാമ്പുകളും പകല്‍ സമയത്തെ ചൂട് കണക്കിലെടുത്ത് ഒഴിവാക്കുക, പരീക്ഷകള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ തണല്‍ സൗകര്യവും കുടിവെള്ളവും ഉറപ്പാക്കുക, സൂര്യാഘാതവും ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ആശുപത്രികളെയും സജ്ജമാക്കുക, പുറംജോലികളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനും കുടിവെള്ളവും തണല്‍ സൗകര്യങ്ങളും ഒരുക്കാനും നടപടികള്‍ സ്വീകരിക്കുക, ജോലി സമയം ആവശ്യമായ ഇടവേളകളോടെ ക്രമീകരിക്കുക, യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കാന്‍ ട്രാഫിക് സിഗ്‌നലുകളുടെ സമയം കുറക്കുന്നത് പരിഗണിക്കുക, എല്ലാ പഞ്ചായത്തുകളും ഹീറ്റ് ആക്ഷന്‍പ്ലാന്‍ തയാറാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. 


പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍


🚨പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കി ഈ സമയത്ത് സ്വയം 'ലോക്ക്ഡൗണ്‍' പാലിക്കുക. 


🚨പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ (ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ) പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കണം.


🚨ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. ഒ.ആര്‍.എസ്, സംഭാരം തുടങ്ങിയവയും കുടിക്കുന്നത് ഉചിതം 


🚨പുറത്തിറങ്ങുന്നവര്‍ കുട, പാദരക്ഷകള്‍, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക.


🚨പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കത്തിക്കരുത്.

 

🚨കന്നുകാലികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും തണലും വെള്ളവും ഉറപ്പാക്കുക. അവയെ പകല്‍ മേയാന്‍ വിടുന്നത് ഒഴിവാക്കണം.


🚨ഉത്സവങ്ങളോടനുബന്ധിച്ചുള്ള വെടിക്കെട്ടുകളും ആന എഴുന്നള്ളിപ്പുമെല്ലാം പകല്‍ സമയത്ത് ഒഴിവാക്കുക


വരള്‍ച്ചാ പ്രതിരോധം: യോഗം ചേര്‍ന്നു


മൂടാടി ഗ്രാമപഞ്ചായത്തില്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ ക്ലിനിക്ക് ആരംഭിക്കും


ജില്ലയില്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും കുടിവെള്ള വിതരണം ഉറപ്പുവരുത്താനും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വരള്‍ച്ചാ പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഒരാഴ്ചക്കകം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. കുടിവെള്ളക്ഷാമത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. 


സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖ പ്രകാരം പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. മൂടാടി ഗ്രാമപഞ്ചായത്തില്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ ക്ലിനിക്ക് ആരംഭിക്കുന്നതിന് ഫണ്ട് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഹെല്‍ത്ത് സെന്ററില്‍ ഗ്രീന്‍ ഷെഡ് നിര്‍മിക്കാനും അനുമതി നല്‍കി. ജില്ലയില്‍ അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്തു. 


പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് സമയോചിത ചികിത്സ ലഭ്യമാക്കാന്‍ എല്ലാ സംവിധാനവും ഒരുക്കാന്‍ ആരോഗ്യ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കുകയും ആരോഗ്യകേന്ദ്രങ്ങളില്‍ ആന്റിവെനം ലഭ്യമാക്കുകയും വേണം. സ്‌നേക്ക് റെസ്‌ക്യൂവേഴ്‌സിന്റെ സേവനം വനം വകുപ്പ് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.


കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Whatsapp Button works on Mobile Device only