Saturday, April 25, 2026

കണ്ണൂരിൽ മഹിളാ മോർച്ച നേതാവിനെ മകൻ കഴുത്തറുത്ത് കൊന്നു; അമ്മയെ കൊന്ന ശേഷം മകൻ സ്കൂട്ടറിൽ സ്റ്റേഷനിലെത്തി കീഴടങ്ങി


പേരാവൂർ: കണ്ണൂർ കൊളക്കാട് മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗം താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ ഗീതമ്മ (50)യെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ  രാത്രി പത്തരയോടെ നടന്ന സംഭവത്തിന് പിന്നാലെ മകൻ ക്രിസ്റ്റി (25) കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കേളകത്ത് 'മൊണാലിസ' എന്ന പേരിൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ഗീതമ്മ.


കൊലപാതകത്തിന് മുൻപ് ഗീതമ്മയും ക്രിസ്റ്റിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം നടന്നതായാണ് വിവരം. ഇതിനിടെ കിടപ്പുമുറിയിൽ വെച്ച് ക്രിസ്റ്റി ഗീതമ്മയെ ആക്രമിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. ബെംഗളൂരുവിൽ ബി.സി.എ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവസമയത്ത് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല.


കൊലപാതകത്തിന് ശേഷം വീട്ടിൽ തന്നെ തുടർന്ന പ്രതി, പിന്നീട് അയൽവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിലാണ് പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസെത്തിയാണ് രക്തത്തിൽ കുളിച്ചുകിടന്ന ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പേരാവൂർ ഡി.വൈ.എസ്.പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട ഗീതമ്മയ്ക്ക് ക്രിസ്റ്റിയെ കൂടാതെ ഒരു മകൾ കൂടിയുണ്ട്.

Post a Comment

Whatsapp Button works on Mobile Device only