Monday, October 26, 2026

പ്രവാസികളും സാമ്പത്തിക അച്ചടക്കവും


മലയാളികളുടെ പ്രവാസത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആദ്യ കാലങ്ങളില്‍ മലേഷ്യ സിംഗപ്പൂര്‍ ശ്രീലങ്ക ഇറാന്‍ തുടങ്ങിയ രാജ്യങ്ങളി ലേക്ക് ആയിരുന്നു ജോലി തേടി പോയിരുന്നതെങ്കിൽ എഴുപതുകളുടെ ആരംഭത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റം ആരംഭിക്കുകയും പില്‍ക്കാലത്ത് പ്രവാസം എന്ന വാക്ക് തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനു ഉപയോഗിക്കുന്ന തരത്തിലേക്ക് ഗണ്യമായ രീതിയില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന സ്ഥിതി വിശേഷം സംജാതമായി.


ഇന്ന്‌ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് ഗള്‍ഫ് പ്രവാസികളാണ് പ്രവാസികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്ന വിഷയമാണ് പ്രവാസികളുടെ സാമ്പത്തിക ഭദ്രതയും അതുമായി ബന്ധപ്പെട്ട  കാര്യങ്ങളും.


കുടുംബത്തിനും നാടിനും വേണ്ടി ഉരുകി തീര്‍ന്നു അണഞ്ഞു പോകുന്ന ഒരു മെഴുകുതിരിയാണ് പ്രവാസികള്‍ എന്ന് പൊതുവെ വിശേഷിപ്പിക്കാറുണ്ട് പ്രവാസികളുടെ ഒട്ടുമിക്ക കാര്യങ്ങളും പരിശോധിച്ചാല്‍ അതൊരു യാഥാര്‍ത്ഥ്യ മാണ് എന്ന് നമുക്ക് മനസ്സിലാക്കാനും സാധിക്കും ഈയൊരു യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തി കൊണ്ട് നാം പരിശോധിച്ചാല്‍ ഇതിന്റെയൊക്കെ അടിസ്ഥാന പരമായ വിഷയം സാമ്പത്തിക മാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും.


ഓരോ പ്രവാസിയും സ്വന്തം കുടുംബത്തെയും നാടിനെയും വിട്ട് കടല്‍ കടന്ന് പ്രവാസം സ്വീകരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക സാമ്പത്തിക ഭദ്രത കൈവരിച്ച് നല്ലൊരു ഭാവി കെട്ടിപ്പടുക്കുക എന്ന വലിയ പ്രതീക്ഷകള്‍ സ്വപ്നം കണ്ടു കൊണ്ടാണ് എന്നാല്‍ പലരുടെയും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് അകപ്പെടുന്ന സ്ഥിതി വിശേഷമാണ് കാണാൻ കഴിയുന്നത്.


അതിന്റെ പ്രധാനപ്പെട്ട  കാരണം സാമ്പത്തിക അച്ചടക്കം ഇല്ലായ്മയാണ് അഥവാ സാമ്പത്തിക ആസൂത്രണത്തിലെ പാളിച്ചകള്‍ തന്നെയാണ്

വരുമാനത്തെക്കാള്‍ കൂടുതല്‍ കൂടുതല്‍ ചിലവഴിക്കുന്നു

എന്ന ഗുരുതരമായ ഒരു തെറ്റ് ഏറിയ ശതമാനം പ്രവാസികളും ചെയ്യുന്നു എന്നതാണ്

വരുമാനത്തിതിനേക്കാള്‍ കൂടുതല്‍ ചിലവഴിക്കുന്നതിന്‌ വേണ്ടി പല മാര്‍ഗങ്ങളിലൂടെയും കടങ്ങള്‍ വാങ്ങി കാര്യങ്ങള്‍ നടത്തുന്നു

കടങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ബാങ്കുകള്‍ മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഓൺലൈൻ സംവിധാനങ്ങള്‍ പാസ്പോര്‍ട്ട് പോലുള്ള വിലപ്പെട്ട അടിസ്ഥാന രേഖകള്‍ ഈട് വെച്ച് കൊണ്ടുള്ള വായ്പ സംവിധാനങ്ങള്‍ മുഖേന പെട്ടെന്ന് ലഭ്യമാകുന്ന

ലോണ്‍ ആപ്പ് ഉപയോഗിച്ച്  കൊണ്ട് എടുക്കുന്ന വായ്പകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വട്ടി പലിശയ്ക്കാരില്‍ നിന്നും എടുക്കുന്ന കടങ്ങള്‍ ഇതൊക്കെ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതായിട്ടാണ് പഠനങ്ങൾ  നമ്മെ ബോധ്യപ്പെടുത്തുന്നത്.



പുതിയ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന യുദ്ധ ഭീതി പല മേഖലകളിലും ബിസിനസ്സിനെയും  വിനോദ സഞ്ചാരികളുടെ വരവിനെയും ചില ഘട്ടങ്ങളില്‍ ചരക്ക് നീക്കങ്ങളെയും  സാരമായി ബാധിക്കുന്നതിനാല്‍ തന്നെ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്ന സാഹചര്യങ്ങളും ചിലര്‍ ക്കോക്കെ ജോലി നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട് .


കൃത്യമായ ആസൂത്രണമില്ലാത്ത പ്രവാസികളുടെ സാമ്പത്തിക ക്രയവിക്രയം പല പ്രവാസികളെയും കടുത്ത മാനസിക പ്രയാസങ്ങളിലേക്കും  ആത്മഹത്യയിലേക്കും  നയിക്കുന്നതായാണ് ഈ മേഖലയിലെ പഠനങ്ങൾ തെളിയിക്കുന്നത്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ 2026 വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശത്ത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികളുടെ ഇടയിലെ എഴുപത് ശതമാനം ആത്മഹത്യകളും നടക്കുന്നത് ഗള്‍ഫ് പ്രവാസികള്‍ക്കിടയിലാണ് ഇതില്‍ ഒന്നാമത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കട ബാധ്യതകളുമാണെന്ന് പഠനങ്ങളും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.


ഈ അടുത്ത കാലങ്ങളില്‍ ഉണ്ടായ പൊടുന്നനെയുള്ള ഹൃദയാഘാത മരണങ്ങളില്‍ ഏറിയ പങ്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുമുണ്ടായ മാനസിക സമ്മര്‍ദവും മാനസിക പിരിമുറുക്കവും മൂലമാണെന്ന് ഈ മേഖലയില്‍ ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകരും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു.



അനിയന്ത്രിതമായ കടം വാങ്ങല്‍ ഉയര്‍ന്ന പലിശ നിരക്കില്‍ ലോണുകള്‍ എടുക്കല്‍ സ്വന്തം വരുമാനത്തിന്റെയും  ബജറ്റിന്റെയും പരിധിക്ക് താങ്ങാന്‍ കഴിയാത്ത വീട് നിര്‍മാണവും അതിന്‌ വേണ്ടി എടുക്കുന്ന ദീര്‍ഘകാല ലോണുകളും വലിയ പ്രതിസന്ധി യിലേക്ക് ഒട്ടുമിക്ക പ്രവാസികളെയും കൊണ്ടെത്തിക്കുന്നു


കൃത്യമായ ആസൂത്രണം ഇല്ലാതെയുള്ള ബിസിനസ് സംരംഭങ്ങളും പല പ്രവാസികളും കടകെണിയില്‍ അകപ്പെടുന്നതിന്‌ കാരണമാകുന്നുണ്ട്


കൂടാതെ 

പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിലും അഭ്യസ്തവിദ്യരായ പ്രവാസികള്‍ പോലും പെട്ട് പോയി സാമ്പത്തീക പ്രതിസന്ധിയില്‍ അകപ്പെടുന്ന സംഭവങ്ങളും അടുത്ത കാലത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 


ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്ന സാഹചര്യങ്ങളില്‍ നിന്നും പരമാവധി വിട്ടു നില്‍ക്കുക വിശ്വസനീയമല്ലാത്ത ഓൺലൈൻ ഓഫറുകള്‍ നിരസിക്കുക നിയമവിധേയമായ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ മാത്രം വിനിമയം നടത്തുക എന്നിവ ഈ മേഖലയില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് .


സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടാതിരിക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനും താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ നാം സ്വീകരിക്കണം 


വരുമാനത്തിന് അനുസൃതമായി മാത്രം ചിലവുകള്‍ ക്രമീകരിക്കുക ആഡംബരങ്ങളും അനാവശ്യ ചിലവുകള്‍ കുറയ്ക്കുക


മിഡില്‍ ഈസ്റ്റിലെ പുതിയ പ്രതിസന്ധി നിത്യോപയോഗ സാധനങ്ങള്‍ക്ക് ഗണ്യമായി വില വര്‍ദ്ധന ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട് അത് കൊണ്ട് തന്നെ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്കൊണ്ട്‌ ഓരോ പ്രവാസിയുടെയും സാമ്പത്തിക ബജറ്റ് പുനക്രമീകരിക്കുക എന്നത് അനിവാര്യമാണ്.


പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനും നിലവിലുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താനും ആവശ്യമെങ്കില്‍ ശമ്പളം കൂടുതല്‍ കിട്ടുന്നതും സുരക്ഷിതവുമായ നല്ല ജോലിയിലേക്കും കമ്പനിയിലേക്കും മാറുന്നതിന് വേണ്ടി പരിശ്രമിക്കുക,


വരുമാനത്തിന്റെ നിശ്ചിത ശതമാനം എല്ലാ മാസവും ചെറിയ നിക്ഷേപം നടത്തുന്നത് ശീലമാക്കുക. 


നമുക്ക് കിട്ടുന്ന വരുമാനത്തിന് അനുസൃതമായി മാത്രമേ ചിലവുകള്‍ നടത്താവൂ എന്ന് കുടുംബഗങ്ങളെ ഓര്‍മ്മപ്പെടുത്തുക

നിലവില്‍ വല്ല പ്രതിസന്ധികളും ഉണ്ടെങ്കില്‍ കുടുംബത്തെ അറിയിക്കുക.


അഷ്റഫ് കല്ലൂര്‍ 


(അല്‍ ഖര്‍ജ് കെ എം സി സി സെന്റട്രല്‍ കമ്മിറ്റി ട്രഷറര്‍)

 സൗദി അറേബ്യ 

സാമ്പത്തിക അച്ചടക്കം പാലിക്കുക പ്രവാസത്തിലൂടെ ഭാവി സുരക്ഷിതമാക്കുക

Post a Comment

Whatsapp Button works on Mobile Device only